
പാകിസ്ഥാൻ ഇന്ത്യയിലേക്ക് ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ വിക്ഷേപിച്ചതായി ഇന്ത്യൻ സൈന്യം ഞായറാഴ്ച സ്ഥിരീകരിച്ചു. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനു ശേഷമുള്ള തീവ്രമായ ഷെല്ലാക്രമണത്തിനിടെയാണ് പാക് സൈന്യം ഇന്ത്യ ലക്ഷ്യമാക്കി ആണവ ശേഷിയുള്ള ഷഹീൻ മിസൈൽ വിക്ഷേപിച്ചത്. എന്നാൽ, ഈ മിസൈലും ഇന്ത്യയുടെ അത്യാധുനികമായ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇന്ത്യ നിർവീര്യമാക്കിയെന്നും സൈന്യം വ്യക്തമാക്കി.
ഇന്ത്യൻ സൈന്യത്തിന്റെ വെസ്റ്റേൺ കമാൻഡ് പുറത്തിറക്കിയ പുതിയ വീഡിയോയ്ക്കൊപ്പമാണ് ഇന്ത്യക്കെതിരെ പാകിസ്ഥാൻ ആണവ ശേഷിയുള്ള മിസൈലും പ്രയോഗിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ആണവായുധം വഹിക്കാൻ ശേഷിയുള്ള ഷഹീൻ മിസൈൽ ഇടത്തരം ബാലിസ്റ്റിക് മിസൈലാണ്.
ഇന്ത്യയുടെ പ്രതികരണം വേഗത്തിലും കൃത്യവുമായിരുന്നു. റഷ്യയിൽ നിർമ്മിച്ചതും ലോകത്തിലെ ഏറ്റവും മികച്ച മിസൈൽ പ്രതിരോധ സംവിധാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതുമായ എസ്-400 ട്രയംഫ് സിസ്റ്റം ഉപയോഗിച്ചാണ് ഇന്ത്യ ഷഹീൻ മിസൈൽ വെടിവച്ചിട്ടത്.











